ആലപ്പുഴ: കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയ്ക്ക് പോകും വഴി. അഞ്ച് പേരാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമിതവേഗതയെടുക്കാന്‍ പറ്റിയ സ്ഥലമത്തല്ല
അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു. മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്വിന് ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന് മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ബസിലുണ്ടായ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.