തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം കേരള ബാങ്കിലേക്കും വ്യാപിപ്പിച്ച് ഇ ഡി. കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെതിരെയും അന്വേഷണം ആരംഭിച്ചു. കേസിൽ തൃശൂർ ജില്ലയിൽ ആറിടത്തും എറണാകുളം ജില്ലയിൽ ഒരിടത്തും ഇ ഡി റെയ്ഡ് നടത്തി.
കേസിൽ ഒന്നാം പ്രതിയായ പി സതീഷ് കുമാർ നടത്തിയത് 500 കോടിയുടെ തട്ടിപ്പെന്ന് ഇ ഡി. സതീഷ്കുമാർ ചില പ്രമുഖരുടെ മാനേജർ മാത്രമെന്നും ഇഡി പറഞ്ഞു. കരുവന്നൂർ തട്ടിപ്പിൽ മുൻ എം പി പി കെ ബിജു ഇ ഡി ചോദ്യം ചെയ്യും.. ഇതിനായി ഉടൻ നോട്ടിസ് നൽകും.വിവരങ്ങളുമായി എച്ച് വി നന്ദകുമാർ തൃശൂർ ജില്ലാ സഹകരണ ബാങ്ക്, അയ്യന്തോൾ സഹകരണ ബാങ്ക്, പി സതീഷ് കുമാറിന്റെ ബെനാമിയായ ദീപക്കിന്റെ കൊച്ചിയിലെ വസതി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. തൃശ്ശൂരിലെ എസ് ടി ജ്വല്ലറിയിലും ഇഡി റെയ്ഡ് നടത്തി. കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊടുങ്ങല്ലൂർ സ്വദേശിയുടെ പേരിൽ 3 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതിലാണ് നടപടി. സതീഷിനെ കൊടുങ്ങല്ലൂർ സ്വദേശിക്ക് പരിചയപ്പെടുത്തിയത് എം കെ കണ്ണനാണ്. പി പി കിരൺ ഇവരുടെ കയ്യിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തി. ഇതിനിടെ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട തങ്കം ജ്വല്ലറി ഉടമ ഗണേശനെ ഭീഷണിപ്പെടുത്തിയത് എസ് ടി ജ്വല്ലറി ഉടമയ്ക്ക് വേണ്ടിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പി സതീഷ്കുമാർ സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ 40 കോടി വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച ശേഷം പിൻവലിച്ചതിന്റെ രേഖകളും കണ്ടെടുത്തു. അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം