Kerala News

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്; സിപിഎം നേതാവ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണകേസിൽ ഇഡി അറസ്റ്റിലുള്ള സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ നൽകിയ ജാമ്യ ഹർജി കോടതി തള്ളി. ഇത് രണ്ടാം തവണയാണ് കൊച്ചിയിലെ പിഎംഎൽഎ കോടതി  ജാമ്യ ഹർജി തള്ളുന്നത്. വടക്കാഞ്ചേരി നഗരസഭ കൗൺസിലറായ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ കേസിൽ പ്രധാന പങ്കുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എന്നാൽ മൊഴികളല്ലാതെ കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു അരവിന്ദാക്ഷന്‍റെ വാദം. കഴിഞ്ഞ സെപ്റ്റംബർ 27 നാണ് അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരൻ ജിൽസിനെയും ഇഡി തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യഘട്ട കുറ്റപത്രം നേരത്തെ നൽകിയിട്ടുണ്ട്.

അതേ സമയം, കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് ഇഡിയുടെ വാദം.

എന്നാൽ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും  തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടൽ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്‍റെ മുൻ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷൻ അറിയിച്ചിട്ടുണ്ട്. 

Related Posts

Leave a Reply