രാജ്യത്തെ പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ തുക പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചു. പെട്രോൾ, ഡീസൽ അടക്കം ഇന്ധന വില വർധിപ്പിക്കാതെയാണ് തീരുമാനം. ഒരു കിലോ ലിറ്റർ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനം കമ്മീഷനുമാണ് ഇനി ഡീലർമാർക്ക് ലഭിക്കുക. ഡീസലിന് കിലോ ലിറ്ററിന് 1389.35 രൂപയും 0.28 ശതമാനം കമ്മീഷനും ലഭിക്കും.
കഴിഞ്ഞ ഏഴ് വർഷമായി ഇന്ധന വിതരണ ഡീലർമാർ തങ്ങളുടെ വരുമാനം വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കമ്പനികൾ അത് ചെവിക്കൊണ്ടിരുന്നില്ല. ഏതാണ്ട് 10 ലക്ഷം വരുന്ന പെട്രോൾ പമ്പ് ജീവനക്കാർക്ക് ഇതിലൂടെ ഗുണമുണ്ടാകുമെന്നാണ് കരുതുന്നത്. 83000 പെട്രോൾ പമ്പുകളാണ് രാജ്യത്തുള്ളത്.