കണ്ണൂർ: കണ്ണൂർ പഴയങ്ങാടി മാടായി പള്ളിയിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. മാടായി പള്ളിയിൽ ഞായറാഴ്ച രാത്രി നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മുണ്ട് മാത്രമുടുത്ത്, മുഖം മറച്ചെത്തിയ ഒരാൾ ലക്ഷ്യമിട്ടത് ഭണ്ഡാരങ്ങളാണ്. മഖാമിന്‍റെ ഉള്ളിലുളള മൂന്ന് പ്രധാന ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തു. കൂടുതൽ ലോക്കുളളതിനാൽ പണമെടുക്കാൻ കഴിഞ്ഞില്ല. പ്രധാന കവാടത്തിനോട് ചേർന്ന ഭണ്ഡാരത്തിന്‍റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പളളിക്കകത്തുളള ചെറിയ ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് അതിലെ പണം മുഴുവൻ കവരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നാലേ മുക്കാലോടെ പള്ളി തുറക്കാനെത്തിയ ജീവനക്കാരാണ് പ്രധാന ഗെയ്റ്റ് തുറന്ന് കിടക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ മോഷണം വ്യക്തമായി. രാത്രി പത്തരയോടെ ഗേറ്റ് അടച്ച് ജീവനക്കാർ മടങ്ങാറാണ് പതിവ്. ഇതിനിടയിലായിരുന്നു കവർച്ച. പള്ളി കമ്മിറ്റി ഭാരവാഹികൾ പഴയങ്ങാടി പൊലീസിൽ പരാതി നൽകി. പഴയങ്ങാടി പ്രധാന ടൗണിനോട് ചേർന്നാണ് പ്രസിദ്ധമായ മാടായി പള്ളി.