കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പ് ജീവനക്കാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും. ജീവനക്കാരുടെ കൂട്ടായ്മയുടേതാണ് തീരുമാനം. ജീവനക്കാരുടെ പ്രതിഷേധം കളക്ട്രേറ്റുകളുടെ പ്രവര്‍ത്തനത്തെയും വില്ലേജ് താലൂക്ക് ഓഫീസുകളെയും ബാധിക്കും.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.
അതേസമയം പി പി ദിവ്യയുടെ പരാമര്‍ശം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ നേതൃത്വം പറഞ്ഞിരുന്നു.
തനിക്ക് കണ്ണൂരില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു കൊണ്ട് നവീന്‍ ബാബു സുഹൃത്തിനയച്ച സന്ദേശവും പുറത്ത് വന്നിരുന്നു. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റത്തിന് ശ്രമിച്ചെങ്കിലും സ്വന്തം സര്‍വീസ് സംഘടന സഹകരിച്ചില്ലെന്നും വാട്‌സ്ആപ് സന്ദേശത്തിലുണ്ട്. തന്നെ പത്തനംതിട്ട എഡിഎമ്മാക്കാന്‍ സിപിഐക്കാര്‍ തയ്യാറായി. എന്നാല്‍ സ്വന്തം സംഘടന താന്‍ അറിയാതെ ഇടപെട്ടെന്നാണ് സന്ദേശത്തിലുള്ളത്.