കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നേരത്തെ നിർദേശിച്ചിരുന്നു. അതിനിടെ, ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന 26 മണിക്കൂർ പിന്നിട്ടു.
റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് ഭാസുരാംഗന്റെയും. സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന തുടങ്ങിയത്.
അനധികൃതമായി ജീവനക്കാർക്ക് ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തിൽ കുടിശികയായിട്ടുള്ളത്.