India News

കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത യുവ ഐപിഎസുകാരനെതിരെ നാല് കേസുകൾ

കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത യുവ ഐപിഎസുകാരനും കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ കീഴുദ്യോഗസ്ഥർക്കുമെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്‌റ്റേഷനിലെ മുൻ ഇൻസ്‌പെക്ടർ രാജകുമാരി, കോൺസ്റ്റബിൾമാരായ രാമലിംഗം, ജോസഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജമീൻ സിങ്കംപട്ടിയിലെ സൂര്യ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബി-സിഐഡി പൊലീസ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കള്ളിടൈക്കുറിച്ചി പൊലീസ് സ്‌റ്റേഷനിൽ വെച്ച് താൻ അനുഭവിച്ച കസ്റ്റഡി പീഡനത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ വീഡിയോ സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 323, 324, 326, 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് അന്വേഷണ ഏജൻസി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്ങിനെതിരെ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ കേടുവരുത്തിയതിനാണ് പൊലീസ് സൂര്യയെ പിടികൂടിയത്. സൂര്യ സിസിടിവി ക്യാമറകൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ചായക്കടക്കാരനായ മുരുകൻ പൊലീസിന് കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ബൽവീർ സിങ് കട്ടിംഗ് പ്ലയർ ഉപയോഗിച്ച് തന്റെ പല്ലുകൾ പിഴുതെറിയുകയായിരുന്നുവെന്ന് സൂര്യ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ പൊലീസ് ഡയറക്ടർ ജനറൽ സി ശൈലേന്ദ്രബാബു ഇടപെട്ടാണ് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്ങിനെ സ്ഥലം മാറ്റിയത്. ദക്ഷിണമേഖലാ ഇൻസ്‌പെക്ടർ ജനറൽ അസ്ര ഗാർഗിനാണ് ബൽവീർ സിങ്ങിന്റെ അധിക ചുമതല നൽകിയിരുന്നത്. സിസിടിവി ക്യാമറകൾ കേടുവരുത്തിയതിന്റെ പേരിൽ വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണത്തിനായി കൊണ്ടുവന്ന യുവാവാണ് യുവ ഐപിഎസുകാരനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

Related Posts

Leave a Reply