കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരെ സംരക്ഷിച്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡൻ്റ് എം ജെ വർഗീസിൻ്റെ ആദ്യ പ്രതികരണം. ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല, ആത്മഹത്യ ചെയ്ത സാബുവിനോടുള്ള പെരുമാറ്റത്തിൽ ബാങ്ക് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ല.തിങ്കളാഴ്ച ബോർഡ് മീറ്റിംഗ് കൂടിയ ശേഷമാണ് തുടർനടപടി ഉണ്ടാവുകയെന്നും എംജെ വർഗീസ് പ്രതികരിച്ചു.
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാബുവിന് തവണ വ്യവസ്ഥയിൽ ബാങ്കിൽ നിന്നും കൃത്യമായി പണം തിരിച്ചു നൽകിയിരുന്നു. സാബു വളരെ സൗമ്യനായ മനുഷ്യനാണ്, സാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലന്നും, ദുരൂഹത പൊലീസ് അന്വേഷിക്കണമെന്നും വർഗീസ് വ്യക്തമാക്കി.
അതേസമയം, കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണം സംഘം ഇന്ന് മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങും. അന്വേഷണത്തിൻറെ ആദ്യ പടിയായി സാബുവിൻറെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാർ സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജി എന്നിവരിൽ നിന്നും നേരിട്ട ദുരനുഭവം മേരിക്കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സാബുവിൻറെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഐഎം ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിൻറെ നീക്കം. സാബുവിൻറെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.