കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്. ബേപ്പൂർ തീരത്ത് നിന്ന് 39 നോട്ടിക്കൽ മൈൽ അകലെയാണ് രക്ഷാദൗത്യം നടന്നത്. കുളച്ചിൽ സ്വദേശി അജിനെയാണ് കോസ്റ്റ് ഗാർഡ് രക്ഷിച്ചത്. അജിനെ ഹെലികോപ്റ്ററിൽ രക്ഷിച്ച് കൊച്ചിയിലേക്ക് എത്തിച്ചു. കൊച്ചിയിലെ രക്ഷാദൗത്യ സെന്ററിലേക്ക് ഒരു മത്സ്യത്തൊഴിലാളി കടലിലേക്ക് വീണെന്നും രക്ഷപ്പെടുത്തണമെന്നുള്ള സന്ദേശം എത്തുകയായിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സ്ഥലത്തെത്തി രക്ഷാദൗത്യം നടത്തിയത്. കടൽവെള്ളം കുടിച്ചതിനാൽ അജിൻ അവശനായിരുന്നു.
തുടർന്ന് ബോട്ടിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇവർ പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.