Kerala News

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് അടിയന്തിര ഇടക്കാല ആശ്വാസം ഇല്ല

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് അടിയന്തിര ഇടക്കാല ആശ്വാസം ഇല്ല. സംസ്ഥാനം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജ്ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കേരളവും കേന്ദ്രവും പലവട്ടം നടത്തിയ ചര്‍ച്ചകളിലും പ്രശ്‌ന പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് നടപടി. വിധി പകര്‍പ്പില്‍ കേരളത്തിന് എതിരെ ഗുരുതര പരമാര്‍ശങ്ങളാണുള്ളത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ 21,000 കോടി രൂപയുടെ വായ്പാ പരിധി സംസ്ഥാനത്തിന് കുറച്ചിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശാ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. അടിയന്തരമായി 10,000 കോടി കടമെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ സുപ്രീംകോടതിയിലെ ഇടക്കാല ആശ്വാസ അഭ്യര്‍ത്ഥന. അധികവായ്പ എടുക്കാന്‍ അര്‍ഹതയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ല എന്നതടക്കം ഗുരുതര പരാമര്‍ശങ്ങളമാണ് സുപ്രീംകോടതി ഉത്തരവില്‍ ഉള്ളത്. 13608 കോടി രൂപ സംസ്ഥാനത്തിന് വിവിധ ഘട്ടങ്ങളിലായി ലഭിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനത്തിന് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് കാരണമാകും. അധിക വായ്പ ബാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനം കൂടുതല്‍ കടമെടുത്താല്‍ വരുംവര്‍ഷങ്ങളിലെ കടമെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് കുറവുവരുത്താം എന്നാണ് തങ്ങളുടെ പ്രാഥമിക വിലയിരുത്തലെന്നും സുപ്രീം കോടതി പറഞ്ഞു. ഇതുസംബന്ധിച്ച് ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ സുപ്രീം കോടതിയുടെ വിശദമായ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. വിശാലബെഞ്ച് അത് പരിഗണിയ്ക്കുന്നതാകും ഉചിതമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്നാണ് സംസ്ഥാന ധനമന്ത്രിയുടെ വിലയിരുത്തല്‍.

Related Posts

Leave a Reply