ന്യൂഡൽഹി: ഓഹരി നിക്ഷേപത്തിലൂടെ വലിയ ലാഭ സാധ്യതകൾ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ അഞ്ച് പേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നിക്ഷേപകരിൽ നിന്ന് തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റുകയും വിദേശത്തേക്ക് എത്തിക്കുകയും ചെയ്തതായാണ് വ്യക്തമായത്. അഞ്ച് പേരെയും ആറ് ദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ഫരീദാബാദ് സ്വദേശിയായ ഒരു സ്ത്രീയിൽ നിന്ന് ഏഴ് കോടിയിലധികം രൂപയും നോയിഡയിലെ ഒരു വ്യാപാരിയിൽ നിന്ന് ഒൻപത് കോടി രൂപയും പഞ്ചാബ് സ്വദേശിയായ ഒരു ഡോക്ടറിൽ നിന്ന് ആറ് കോടി രൂപയും ഉൾപ്പെടെ നിരവധിപ്പേരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഈ സംഘം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ പരസ്യങ്ങളും കാർഡുകളും പോസ്റ്റ് ചെയ്താണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. തുടർന്ന് അതിവിഗ്ദമായി ആസൂത്രണം ചെയ്ത പദ്ധതിയിലൂടെ ഇരകളെ വലയിലാക്കും.
ഫരീദാബാദ് സ്വദേശിനി ഫേസ്ബുക്കിലൂടെയാണ് സ്റ്റോക്ക് മാർക്കറ്റിലൂടെ എളുപ്പം പണമുണ്ടാക്കാൻ സഹായിക്കുന്ന പരസ്യം കണ്ടത്. ലിങ്കിൽ ലിങ്ക് ചെയ്തതോടെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ചേർക്കപ്പെട്ടു. അവിടെ പലരും വൻ ലാഭം നേടിയ കഥകൾ പറയുന്നുണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം തട്ടിപ്പ് സംഘത്തിലെ അംഗങ്ങൾ തന്നെയായിരുന്നെന്ന് മനസിലായില്ല. ഗ്രൂപ്പിന്റെ പേര് തന്നെ ഒരു പ്രമുഖ ബാങ്കിന്റെ പേര് ഉൾപ്പെടെയായിരുന്നു. ഇതോടെ വിശ്വാസമേറി.
നിക്ഷേപം നടത്താൻ തയ്യാറായതോടെ മറ്റൊരു ഗ്രൂപ്പിൽ ചേർത്തു. ഇവിടെ നിന്ന് ആദ്യഘട്ടത്തിൽ ഐസി ഓർഗൻ മാക്സ് എന്ന ആപ് ഇൻസ്റ്റാൾ ചെയ്യാനാണ് നിർദേശം ലഭിച്ചത്. അതിൽ 61 ലക്ഷം രൂപ നിക്ഷേപത്തിനായി നൽകി. പിന്നീട് ടെക്സ്റ്റാർസ് ഡോട്ട് ഷോപ്പ് എന്ന പേരിൽ മറ്റൊരു ആപ് ഇൻസ്റ്റാൾ ചെയ്ത് അവിടെയും പണം നിക്ഷേപിച്ചു. ദിവസങ്ങൾ കഴിയുംതോറും വലിയ തുകയുടെ ലാഭം കിട്ടി. എന്നാൽ ഇവയെല്ലാം ആപിലെ അക്കൗണ്ടിൽ കാണിക്കുന്ന സംഖ്യകൾ മാത്രമായിരിക്കും. വലിയ തുകകൾ ഓരോ ദിവസവും ബാലൻസായി ആപിൽ വരും. പക്ഷേ ഇത് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് പ്രശ്നം. പണം കിട്ടില്ല.
പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ചില നികുതികളും ബ്രോക്കറേജ് ഫീസുകളും മറ്റ് ചില ഫീസുകളും ആവശ്യപ്പെടും. ഇതും കൂടുതൽ പണം വാങ്ങിയെടുക്കാനുള്ള ഐഡിയ മാത്രമാണ്. ഇതും കൂടി കിട്ടിക്കഴിയുമ്പോൾ പിന്നെ എല്ലാ ആശയ വിനിമയ സംവിധാനങ്ങളും ഉപേക്ഷിച്ച് ഇവരെ ബന്ധപ്പെടാൻ സാധിക്കാതെയാവും. കിട്ടാവുന്നത്ര പണം തട്ടിയെടുത്ത ശേഷം പിന്നീട് ഇവരെ ഉപേക്ഷിച്ച് അടുത്ത ഇരകളെ തപ്പിയിറങ്ങുകയാണ് രീതി. പണം നഷ്ടമായ എല്ലാവർക്കും ഏതാണ്ട് ഇതേ അനുഭവം തന്നെയാണ്.
അറസ്റ്റിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ ഇവരുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും പരിശോധന നടത്തി. 25 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾ അക്കൗണ്ടുകൾ വഴി തന്നെ നടത്തി. കിട്ടുന്ന തുകയെല്ലാം ക്രിപ്റ്റോ കറൻസികളിലേക്ക് മാറ്റിയാണ് വിദേശത്തേക്ക് എത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.