ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും തിരികെയെത്തുമെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതിനാൽ ഇന്ത്യക്ക് ആശങ്കയില്ല. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
ശാർദുൽ താക്കൂർ, ശുഭ്മൻ ഗിൽ, മുഹമ്മദ് ഷമി എന്നിവർക്ക് മൂന്നാം ഏകദിനത്തിൽ നിന്ന് ഇന്ത്യ വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യയും നാട്ടിലേക്ക് മടങ്ങി. അക്സർ പട്ടേൽ പരുക്കിൽ നിന്ന് മുക്തനായിട്ടില്ല. ബാക്കിയുള്ളവരിൽ നിന്നാണ് ഇന്ത്യക്ക് ഫൈനൽ ഇലവനെ തെരഞ്ഞെടുക്കേണ്ടത്. ഇഷാൻ കിഷൻ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ജഡേജ, അശ്വിൻ, കുൽദീപ് എന്നീ മൂന്ന് സ്പിന്നർമാർക്കൊപ്പം ബുംറയും സിറാജുമാവും ബൗളർമാർ.
അതേസമയം, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്‌വൽ എന്നിവർ തിരികെയെത്തുന്നതിനാൽ ഓസ്ട്രേലിയ കരുത്തരാണ്. ലോകകപ്പിനു മുൻപുള്ള അവസാന ഏകദിനമെന്ന നിലയിൽ ഈ കളി വിജയിക്കുക എന്നതാവും ഓസ്ട്രേലിയയുടെ ലക്ഷ്യം.
