ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്നെന്നും യുവാക്കൾക്കായി നിരവധി മേഖലകൾ തുറന്നുകൊടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘ട്രഷറി’ നിറയ്ക്കുന്നതിനുപകരം ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനാണ് ബജറ്റ് മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നികുതി ഇളവ് നടപടികൾ മധ്യവർഗത്തിനും ശമ്പളക്കാർക്കും ഗണ്യമായി ഗുണം ചെയ്യുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് നിക്ഷേപം വർദ്ധിപ്പിക്കുകയും രാജ്യത്തെ ‘വിക്ഷിത് ഭാരത്’ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
“ഈ ബജറ്റ് ശക്തി വർദ്ധിപ്പിക്കുന്നതാണ്. ഈ ബജറ്റ് സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വേഗത്തിൽ വർദ്ധിപ്പിക്കും. ഈ ജനങ്ങളുടെ ബജറ്റിന് ധനമന്ത്രി നിർമ്മല സീതാരാമനെയും അവരുടെ മുഴുവൻ സംഘത്തെയും ഞാൻ അഭിനന്ദിക്കുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇവി ബാറ്ററി ഉത്പാദനത്തിനുള്ള 35 അഡീഷണൽ സാധനങ്ങളെയും മൊബൈൽ ഫോൺ ബാറ്ററി ഉത്പാദനത്തിനുള്ള 28 അഡീഷണൽ സാധനങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇലക്ട്രോണിക് വാഹനങ്ങൾക്കും, മൊബൈൽ ഫോണുകൾക്കും വില കുറയും. ലിഥിയം അയേൺ ബാറ്ററി സ്ക്രാപ്പ്, എൽഇഡി ഉത്പന്നങ്ങൾ, കൊബാൾട്ട് പൗഡർ, ഈയം, സിങ്ക് ഉത്പന്നങ്ങൾ, കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ബ്ലൂ ലെതർ, കരകൗശല ഉത്പന്നങ്ങൾ, 36 ഇനം ജീവൻരക്ഷാ മരുന്നുകൾ എന്നിവയ്ക്കും വില കുറയുമെന്നാണ് പ്രഖ്യാപനം.
11 വർഷത്തിനിടയിലെ നരേന്ദ്രമോദി സർക്കാറിന്റെ ഏറ്റവും മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ‘വയനാട് പാക്കേജ് പ്രഖ്യാപിക്കാൻ ഇത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ്. ആദായ നികുതി പരിധി 12 ലക്ഷമാക്കിയതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കാൻ പോകുന്നത് കേരളത്തിനാണെന്നും’ കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.