ഓപ്പറേഷൻ ട്രഷർ ഹണ്ടിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ആര്യങ്കാവിൽ മോട്ടോർ വാഹന വകുപ്പ് ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6000 രൂപയാണ് പിടിച്ചെടുത്തത്. പാലക്കാട് വേലന്താവളത്തു ചെക്ക് പോസ്റ്റ് ഓഫീസിലെ ഫ്ളക്സ് ബോർഡിനടിയിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. ഓണത്തോട് അനുബന്ധിച്ചാണ് വിജിലൻസ് പ്രത്യേക പരിശോധന നടത്തിയത്.
വാളയാറിൽ അമിതഭാരം കയറ്റി വന്ന മൂന്നു വാഹനങ്ങൾക്ക് 85,500 രൂപയാണ് വിജിലൻസ് പിഴയായി ഈടാക്കിയത്. എക്സൈസ് ചെക്ക് പോസ്റ്റുകളിലും വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. മിക്കയിടങ്ങളിലും വാഹനങ്ങൾ പരോശോധിക്കാതെ അതിർത്തി കടത്തി വിടുകയാണ്. ഡ്യൂട്ടി സമയത്ത് ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥർ ഉറങ്ങുന്നുണ്ടെന്നും പരിശോധനയിൽ വ്യക്തമായി.
അച്ചൻകോവിൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി സമയത്തു മൂന്നു ഉദ്യോഗസ്ഥരില്ലെന്നും വിജിലൻസ് കണ്ടെത്തി. പിരായംമൂട് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്കു 29000 രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിലും ക്രമക്കേടുണ്ട്. മൃഗങ്ങളുമായി വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നില്ലെന്നും കുമിളി, ബോഡിമേട്ട്, പാറശാല എന്നിവിടങ്ങളിൽ ഇത് പതിവാണെന്നും വിജിലൻസ് പറയുന്നു. രസീത് നൽകാതെ തുക ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.