മാവേലിക്കര∙ കൊല്ലകടവ് പാലത്തിന് പടിഞ്ഞാറ് ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരൻ കാശിനാഥന്റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് ഇന്ന് രാവിലെ ഏഴേകാലോടെ മൃതദേഹം ലഭിച്ചത്. ഇന്നലെ ഉണ്ടായ അപകടത്തിൽ കാശിനാഥന്റെ അമ്മ ആതിര എസ്.നായർ (31) മരിച്ചിരുന്നു. നാലംഗ കുടുംബം ഉൾപ്പെടെ 5 പേർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അച്ചൻകോവിലാറ്റിലേക്കു മറിഞ്ഞത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു– 43), മകൾ കീർത്തന (11), ഓട്ടോറിക്ഷ ഡ്രൈവർ വെൺമണി പ്ലാവുനിൽക്കുന്നതിൽ ലെബനോയിൽ സജു (45) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് 5.45നു കുന്നം ചാക്കോ റോഡിൽ കൊല്ലകടവ് പാലത്തിനു പടിഞ്ഞാറു കല്ലിമേൽ ഭാഗത്തായിരുന്നു അപകടം. കരയംവട്ടത്തു നിന്നു വെൺമണിയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം. സംഭവം നടക്കുമ്പോൾ പ്രദേശത്തു മഴയുണ്ടായിരുന്നു. നാട്ടുകാരാണ് ആറ്റിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയത്. ഷൈലേഷ്, കീർത്തന, സജു എന്നിവരെ കരയ്ക്കെത്തിച്ച ശേഷമാണ് ആതിരയും കാശിനാഥും ഓട്ടോറിക്ഷയിൽ ഉണ്ടെന്ന് അറിഞ്ഞത്. തുടർന്നു നടത്തിയ തിരച്ചിലിൽ ആതിരയെ കണ്ടെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.