നിയമന കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ഒരാഴ്ചക്കുള്ളില്‍ നിയമനം ശരിയാക്കുമെന്നും പരാതി നല്‍കിയിട്ട് എന്തുനേട്ടമാണുള്ളതെന്നും ഹരിദാസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ അഖില്‍ സജീവ് ചോദിക്കുന്നുണ്ട്. പൊലീസില്‍ പരാതി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നും പോലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസന്‍ പറയുന്നതും സംഭാഷണത്തില്‍ ഉണ്ട്. ‘അഖിലേ 19-ാം തീയതി കഴിഞ്ഞു ഇന്ന് 21 ആയി’ എന്ന് ഹരിദാസന്‍ അഖിലിനോട് പറഞ്ഞുകൊണ്ടാണ് ഫോണ്‍ സംഭാഷണം ആരംഭിക്കുന്നത്. ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസന്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.ആയുഷ് മിഷന്റെ കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി അഖില്‍ മാത്യുവും ഇടനിലക്കാരനായ അഖില്‍ സജീവും പണം വാങ്ങിയെന്നാണ് ആരോപണം. അഖില്‍ മാത്യു തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്തുവെച്ച് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവ് 50,000 രൂപ നേരിട്ടും 25,000 രൂപ ബാങ്ക് വഴിയും നല്‍കിയെന്ന് ഹരിദാസന്‍ പറയുന്നു.
