ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ ഇനിങ്സ് 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും സായി സുദര്ശന് 65 റണ്‍സും നേടിയെങ്കിലും അതിനൊന്നും ഗുജറാത്തിനെ രക്ഷിക്കാനായില്ല. നായകന് റിഷഭ് പന്തിന്റെ 88 റണ്‍സും അക്സര്‍ പട്ടേലിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. 225 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് ആദ്യം തന്നെ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ന്ഷ്ടമായി. 39 പന്തില്‍ 65 റണ്‍സ് അടിച്ചെടുത്ത സായ് സുദര്ശന് ഗുജറാത്തിന്റെ ടോപ് സ്കോററായി. മുകേഷ് കുമാറിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും ബൗണ്ടറി നേടിയ റാഷിദ് ഖാന് പക്ഷേ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ സിംഗിളെടുത്ത് മടങ്ങേണ്ടി വന്നു. ആദ്യാവസാനം ആവേശം നിറച്ച മത്സരത്തിനൊടുവിലാണ് ഗുജറാത്ത് വീണത്. ഇന്നത്തെ ജയത്തോടെ ഗുജറാത്തിനെ മറികടന്ന് എട്ട് പോയിന്റുകളുമായി ഡല്‍ഹി ആറാം സ്ഥാനത്തെത്തി.