ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് വിജയലക്ഷ്യം എത്തിപ്പിടിക്കാനാവാതെ മുംബൈ ഇന്ത്യന്‍സ് വീണു. സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ 31 റണ്‍സിന്റെ പരാജയമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയും സംഘവും ഏറ്റുവാങ്ങിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിലേക്ക് ബാറ്റുവീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ്മയും ഇഷാന് കിഷനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 3.2-ാം ഓവറില്‍ ആദ്യ വിക്കറ്റ് വീണപ്പോള്‍ മുംബൈ സ്കോര്‍ 56 റണ്‍സായിരുന്നു. 13 പന്തില്‍ 34 റണ്‍സെടുത്ത ഇഷാന് കിഷനാണ് മുംബൈ നിരയില്‍ ആദ്യം പുറത്താവുന്നത്. ഇഷാന് കിഷനെ ഷഹ്ബാസ് അഹമ്മദ് ഐഡന്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ രോഹിത് ശര്‍മ്മ 12 പന്തില്‍ 26 റണ്‍സെടുത്ത് പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്കി മടങ്ങി.
പിന്നീട് ക്രീസിലൊരുമിച്ച തിലക് വര്‍മ്മ- നമന്‍ ധിര്‍ സഖ്യം മുംബൈയ്ക്ക് വേണ്ടി പോരാട്ടം തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 പന്തില്‍ 30 റണ്‍സെടുത്ത നമന്‍ ധിറിനെ മടക്കി ജയ്ദേവ് ഉനദ്കട്ടാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പകരമെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സ്കോര്‍ ഉയര്‍ത്താനായില്ല. തിലക് വര്‍മ്മ മികച്ച രീതിയില്‍ ബാറ്റുവീശിയപ്പോള്‍ അവസാന ആറ് ഓവറില്‍ മുംബൈയ്ക്ക് വിജയിക്കാന്‍ 96 റണ്‍സ് വേണമെന്നായി. എന്നാല്‍ 15-ാം ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ്മയെ കമ്മിന്‍സ് പുറത്താക്കിയത് മുംബൈയ്ക്ക് തിരിച്ചടിയായി. 34 പന്തില്‍ 64 റണ്‍സെടുത്ത തിലക് വര്‍മ്മ മുംബൈയുടെ ടോപ് സ്കോററായാണ് മടങ്ങിയത്. പകരമിറങ്ങിയ ടിം ഡേവിഡിനൊപ്പം പാണ്ഡ്യ ടീം സ്കോര്‍ 200 കടത്തി. എന്നാല്‍ ഹൈ റണ്‍ ചേസില്‍ മുംബൈ നായകന് 20 പന്തില്‍ നിന്ന് 24 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 18-ാം ഓവറിലെ അവസാന പന്തില്‍ പാണ്ഡ്യയെ ജയ്ദേവ് ഉനദ്കട്ട് പവിലിയനിലെത്തിച്ചു. ടിം ഡേവിഡിന്റെയും (42) റൊമേരിയോ ഷെപ്പേര്‍ഡിന്റെയും (15) ചെറുത്തുനില്‍പ്പും റെക്കോര്‍ഡ് വിജയലക്ഷ്യം മറികടക്കാന്‍ മുംബൈയെ സഹായിച്ചില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ ടോട്ടല്‍ ആണിത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കുറിച്ച 263-5 ടോട്ടലാണ് ഹൈദരാബാദ് പഴങ്കഥയാക്കിയത്. ട്രാവിസ് ഹെഡ് തിരികൊളുത്തിയ വെടിക്കെട്ടിന് അഭിഷേക് ശര്‍മ്മയും ഹെന്റിച്ച് ക്ലാസനും ഐഡന്‍ മാര്‍ക്രവും കൂട്ടിനെത്തിയപ്പോഴാണ് ഹൈദരാബാദ് റെക്കോര്‍ഡ് സ്കോറിലെത്തിയത്.