ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെത്തിയിരുന്നുവെന്ന ഡൽഹി പൊലീസിന്റെ കണ്ടെത്തലിൽ അന്വേഷണം ആരംഭിച്ച് കേരളാ പൊലീസ് . ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ് എബ്രഹാം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പൊലീസ് കേരളത്തിന് കൈമാറും. കേരള ഇന്റലിജൻസ് വുവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യൽ തുടരും.
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പൊലീസ്. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ അറിയിച്ചു.
എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഇന്നാണ് ഡൽഹിയിൽ നിന്ന് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്. വാഹനമോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലൈയിൽ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്.