കൊളംബോ: 2023 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ആദ്യ മത്സരത്തില്‍ പാകിസ്താന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെയാണ്. സെപ്റ്റംബര്‍ പത്തിനാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.
ഇന്നലെ ഏഷ്യാകപ്പില്‍ നടന്ന ശ്രീലങ്ക-അഫ്ഗാനിസ്ഥാന് പോരാട്ടത്തിനൊടുവിലാണ് സൂപ്പര്‍ ഫോറിനുള്ള മത്സരക്രമമായത്. ആവേശകരമായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ നേടിയ വിജയത്തോടെ ശ്രീലങ്ക ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടന്നു. ബംഗ്ലാദേശാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ ഫോര്‍ എന്‍ട്രി നേടിയത്. ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായി പാകിസ്താനും രണ്ടാമതായി ഇന്ത്യയും അവസാന നാലിലെത്തി.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിന് ശേഷം രണ്ട് ദിവസം വിശ്രമം ആണ്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് തലത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ശ്രീലങ്കയ്ക്ക് ആയിരുന്നു ജയം.
ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് തലത്തില്‍ ഇരുടീമുകളും തമ്മിലുള്ള മത്സരം മഴയെടുത്തിരുന്നു. ഇതോടെ സൂപ്പര്‍ ഫോറില്‍ ഉരുടീമുകളും മുഖാമുഖം വരുന്ന മത്സരത്തിന് വാശിയേറും. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ചൊവ്വാഴ്ച ഇന്ത്യ ശ്രീലങ്കയെ നേരിടും. സെപ്റ്റംബര്‍ 15 ന് നടക്കുന്ന അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
സെപ്റ്റംബര്‍ 17 നാണ് ഏഷ്യാ കപ്പ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. സൂപ്പര്‍ ഫോറില്‍ കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുന്നത്. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏഷ്യാ കപ്പ് സ്വന്തമാക്കി ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ടീമുകളുടെ ശ്രമം.
