ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും അടിയറവ് പറഞ്ഞത്. കരുത്തരായ ഓസ്ട്രേലിയയെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൈവിട്ടു. സോക്കറൂസിന് വേണ്ടി ജാക്സിന് ഇര്വിന്, ജോര്‍ദാന്‍ ബോസ് എന്നിവരാണ് ഇന്ത്യന്‍ വല കുലുക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഓസ്ട്രേലിയയുടെ അധിപത്യമാണ് കാണാന്‍ സാധിച്ചത്. എങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നതോടെ ഓസ്ട്രേലിയക്ക് ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും നേടാന്‍ സാധിച്ചില്ല. മികച്ച ഡിഫെന്‍സീവ് പ്രകടനം കാഴ്ച്ചവെക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ആദ്യ പകുതിയില്‍ 70 ശതമാനവും പന്ത് ഓസ്ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും ഓസ്ട്രേലിയ തന്നെയായിരുന്നു.
കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ വളരെ കരുതലോടെയാണ് ബ്ലൂ ടൈഗേഴ്സ് തുടങ്ങിയത്. ഓസ്ട്രേലിയയുടെ ആക്രമണങ്ങള്‍ക്കിടയിലും ഇന്ത്യയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് വന്ന ക്രോസില്‍ നിന്നുള്ള ഛേത്രിയുടെ ഹെഡര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തുപോയി. 21-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളായില്ല. സോക്കറൂസിന് കൂടുതല്‍ സെറ്റ്പീസുകള്‍ ലഭിച്ചെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.