കൊച്ചി: എറണാകുളം ജില്ലയിലെ സിപിഐഎം നേതാക്കൾ തനിക്കെതിരെ വൻ ഗൂഢാലോചന നടത്തിയെന്ന് തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗമായിരുന്ന വി പി ചന്ദ്രൻ . വയനാട് ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക തിരിച്ചടച്ചില്ലെന്നത് വ്യാജപ്രചരണമാണ്. മൂന്ന്, നാല് ദിവസം മുമ്പ് ആത്മഹത്യചെയ്യേണ്ട സാഹചര്യം വരെയുണ്ടായി. അനുഭവിച്ചത് വലിയ മാനസിക സംഘർഷമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ പരാമർശിച്ച് താൻ നേരിട്ട ദുരവുഭവം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നു. കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട അധികാര രാഷ്ട്രീയത്തിൻ്റെയും അഹന്തയുടേയും മറ്റൊരു ഇരയാണ് താൻ. നവീൻ ബാബു എന്ന ഒരു മനുഷ്യൻ അനുഭവിച്ച മനസിക സംഘർഷത്തിന്റെ ആഴം എത്രയായിരുന്നുവെന്ന് തനിക്ക് ഇപ്പോൾ നന്നായി മനസ്സിലാകും.
ചെയ്യാത്ത തെറ്റിന്റെ പേരിൽ അപമാനിക്കപ്പെടുമ്പോൾ ഏതൊരു മനുഷ്യനും പെട്ടെന്ന് തോന്നുന്ന മാനസ്സികാവസ്ഥ ആത്മഹത്യയിലേക്ക് നയിക്കും. ചെയ്യാത്ത തെറ്റിന്റെ പേരിൽ അപമാനിതനാകുമ്പോൾ, മാധ്യമങ്ങളിലൂടെ നിരന്തരമായി അസത്യങ്ങൾ പ്രചരിപ്പിച്ചപ്പോൾ , തെരുവിൽ അത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ പിടിച്ചു നിൽക്കാൻ ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക കരുത്തു വേണം. അത്തരമൊരു കരുത്തിന്റെ പിൻബലത്തിലാണ് താനിപ്പോൾ മുന്നോട്ടേക്ക് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഒരു ദിവസം അവരുടെ താല്പര്യം സംരക്ഷിക്കാനായി കൊള്ളരുതായ്മയ്ക്ക് കൂട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടാൽ അവരോട് ആ വഴിയല്ല തന്റേത് എന്നു പറയാനുള്ള ചങ്കൂറ്റം എന്നും താൻ സൂക്ഷിക്കുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ പാർട്ടി നേതൃത്വത്തിന് സത്യം ബോധ്യപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക തിരിച്ചടച്ചില്ലെന്ന പേരിൽ ചന്ദ്രനെ നേരത്തെ സിപിഐഎം പുറത്താക്കിയിരുന്നു. പൂണിത്തുറയിൽ വിമത പക്ഷത്തിനൊപ്പം നിന്നയാളായിരുന്നു ചന്ദ്രൻ.