എരുമപ്പെട്ടി: ചില്ലറയില്ലാത്തതിന്റെ പേരില്‍ യുവതിയേയും മകളെയും ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. തിപ്പിലശ്ശേരി സ്വദേശിയേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെയുമാണ് സ്വകാര്യ ബസില്‍ നിന്നും ഇറക്കി വിട്ടത്. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ വെച്ചാണ് ദുരനുഭവം നേരിട്ടത്.
എരുമപ്പെട്ടി കടങ്ങോട് റോഡ് കവലയില്‍ നിന്നും ഓട്ടുപാറയിലെ ആശുപത്രിയിലേക്ക് പോകുന്നതിനാണ് ബസ് കയറിയത്. ബസ് ചര്‍ജിനായി 500 രൂപയുടെ നോട്ടായിരുന്നു നല്‍കിയത്. തുടര്‍ന്ന് ചില്ലറ വേണമെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ചില്ലറയില്ലെന്ന് പറഞ്ഞതോടെ മറ്റുള്ളവരുടെ മുന്നില്‍വെച്ച് അപമാനിച്ചെന്നും ബസ് നിര്‍ത്തി ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. എരുമപ്പെട്ടി പൊലീസിലാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഒറ്റപ്പാലം റൂട്ടിലോടുന്ന മറ്റൊരു ബസില്‍ നിന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് ആറാംക്ലാസുകാരിയെ ബസില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന രണ്ട് രൂപ കണ്ടക്ടര്‍ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറക്കി വിടുകയും അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം.