Kerala News

എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ഫോണും ചോർത്തിയെന്ന ആരോപണവുമായി : എംഎൽഎ പി വി അൻവർ.

മലപ്പുറം: എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ഫോണും ചോർത്തിയെന്ന ആരോപണവുമായി സിപിഐഎം സ്വതന്ത്ര എംഎൽഎ പി വി അൻവർ. പിവി അൻവർ പുറത്തുവിട്ട ഓഡിയോയിലാണ് ഗുരുതര ആരോപണമുള്ളത്. മുഖ്യമന്ത്രിയുടെ ഫോൺ എഡിജിപി ചോർത്തുവെന്നാണ് ഓഡിയോയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുടെ ഫോണും ചോർത്തുന്നുവെന്നും ഓഡിയോയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റേതാണ് പുറത്ത് വിട്ട ഓഡിയോ സന്ദേശമെന്ന് അൻവർ പ്രതികരിച്ചു. നേരത്തെ സ്വർണക്കടത്ത്, ഫോണ്‍ ചോർത്തല്‍, കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ എഡിജിപി എം ആർ അജിത് കുമാറിന് മേൽ ആരോപിച്ച അൻവർ കവടിയാറിൽ എഡിജിപി നിർമ്മിക്കുന്ന ‘കൊട്ടാര’ത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരുന്നു.

നേരത്തെ പിവി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.

എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് സുജിത് ദാസ് പി വി അന്‍വറിനെ ഫോണില്‍ വിളിച്ചു സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് വലിയ നാണക്കേടാണ് പൊലീസ് സേനയ്ക്ക് ഉണ്ടാക്കിയത്. എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന ‌പരാതി പിൻവലിക്കാനാണ് സുജിത് ദാസ്, പി വി അൻവർ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ എം ആർ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎൽഎ ഒന്ന് പിൻവലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വ‍ർഷത്തെ സ‍ർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു.

Related Posts

Leave a Reply