തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. വീഡിയോ പകര്ത്തിയവരില് നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.