Kerala News

എഐ സംവിധാനം വഴി വ്യാജ ഓഹരി വ്യാപാര വെബ്സൈറ്റിൽ നിന്ന് കൂടുതൽ ലാഭം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്

കോഴിക്കോട്: എഐ സംവിധാനം വഴി വ്യാജ ഓഹരി വ്യാപാര വെബ്സൈറ്റിൽ നിന്ന് കൂടുതൽ ലാഭം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശി സാബിക്ക് (26) ആണ് പിടിയിലായത്. 48 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് എടുത്തു നൽകുന്ന പ്രധാന ക​ണ്ണിയാണ് സാബിക്ക്.

ജോലിയിൽ നിന്നും വിരമിച്ച കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഷെയർ ട്രേഡിങ് രം​ഗത്ത് പ്രവ‍ൃത്തിപരിചയമുള്ള വ്യക്തികളുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ നിർമിച്ച് അവ ഉപയോ​ഗിച്ച് ഓഹരിയെ സംബന്ധിച്ച് ക്ലാസുകളും മറ്റും പ്രതികൾ സംഘടിപ്പിച്ചിരുന്നു. ഇപ്രകാരം വിശ്വാസം പിടിച്ചിപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സംഘം 48ലക്ഷം കവർന്നത്.

തട്ടിയെടുത്ത പണം നെറ്റ് ബാങ്കിങ് വഴി മറ്റ് പ്രതിയായ മുജീബിന് കൈമാറും. ശേഷം ചെക്ക് ഉപയോ​ഗിച്ച് പ്രതികളായ സാബിക്ക്, ജാബിറലി എന്നിവർ പണം പിൻവലിക്കും. പണം പിൻവലിച്ച ബാങ്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഡപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് സിങ്ങിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർകെ ആർ രഞ്ജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിമീഷ്, രാജേഷ് ജോർജ്, ഷമാന അഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഓൺലൈൻ തട്ടിപ്പിനിരയായവർക്ക് പരാതി നൽകാൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം.

Related Posts

Leave a Reply