കൽപ്പറ്റ: ഉരുൾപൊട്ടൽ നാശം വിതച്ച ചൂരൽമലയിലും അട്ടമലയിലും രാവിലെ ആറ് മണിയോടെ രക്ഷാപ്രവർത്തനം പുനഃരാരംഭിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികളും രാവിലെ തന്നെ തുടങ്ങും. നിലമ്പൂർ പോത്തുകല്ലിലെ തിരച്ചിലും നാളെ രാവിലെ ആരംഭിക്കും. ചാലിയാർ തീരത്ത് 7 മണിയോടെ തിരച്ചിൽ ആരംഭിക്കും. പുഴയുടെ മുകൾ ഭാഗങ്ങളിലും മൃതദേഹങ്ങൾ ഒഴുകി വന്നതായി പ്രദേശവാസികൾ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ 135 പേർക്കാണ് ജീവൻ നഷ്ടമായത്. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
വിവിധ ആശുപത്രികളിലായി 186 പേരാണ് ചികിത്സയിലുള്ളത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 20 പേരാണ് ചികിത്സയിലുള്ളത്. മേപ്പാടി വിംസിൽ 133 പേരും മേപ്പാടി സിഎച്ച്സി 28 പേരുമാണ് ചികിത്സയിലുള്ളത്. മേപ്പാടി സിഎച്ച്സിയിൽ 90 പേരുടെ മൃതശരീരങ്ങളുണ്ട്. അതിൽ 45 മൃതദേഹങ്ങൾ പുരുഷന്മാരുടേതും 45 മൃതദേഹങ്ങൾ സ്ത്രീകളുടേതുമാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരിൽ 32 പേരുടെ മൃതദേഹങ്ങളാണുള്ളത്. ഇതിൽ 19 പേർ പുരുഷന്മാരും 11 പേർ സ്ത്രീകളും രണ്ട് കുട്ടികളുമാണ്. കൂടാതെ ഇവിടെ 25 ശരീര ഭാഗങ്ങളുമുണ്ട്. നാല് ശരീര ഭാഗങ്ങൾ മേപ്പാടി സിഎച്ച്സിയിലുമുണ്ട്. അതേസമയം, വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനം സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള പൊലീസ് അഭ്യർഥിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.