Kerala News Top News

ഇന്ന് ദീപാവലി; ദീപാലംകൃതമായി നാടും നഗരവും

ഇന്ന് ദീപാവലി. നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും.

അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ദീപങ്ങൾ ഒരുക്കും. രംഗോലികൾ തയ്യാറാകും. ചെരാതുകളിൽ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂർവാധികം ഭംഗിയാക്കും നാടും നഗരവും.

ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്. രാവണനെ നിഗ്രഹിച്ച്, അഗ്‌നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ അയോദ്ധ്യാവാസികൾ ദീപാലങ്കാരങ്ങൾ നടത്തിയെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ ദുഷ്ടനായ നരകാസുരനെ വധിച്ചതിൽ സന്തുഷ്ടരായ ദേവകൾ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം.

Related Posts

Leave a Reply