Kerala News

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ; മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇന്ത്യ-പാക് സമുദ്രാതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. പാകിസ്താന്‍ മാരിടൈം ഏജന്‍സി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണിത്. പാക് കപ്പലിനെ പിന്തുടര്‍ന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ചു. സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം അരങ്ങേറിയത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നോ ഫിഷിങ് സോണില്‍ വെച്ച് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തെന്നും അതില്‍ ഏഴ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നുമായിരുന്നു സന്ദേശം. ഉടന്‍ തന്നെ കോസ്റ്റ്ഗാര്‍ഡ് വിഷയത്തില്‍ ഇടപെട്ടു.

മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്താന്‍ മാരിടൈം ഏജന്‍സിയുടെ പിഎംഎസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന നാടകീയമായ ചേസിങ്ങിനൊടുവില്‍ ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് മോചിപ്പിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വിഷയത്തില്‍ ഗുജറാത്ത് പൊലീസും കോസ്റ്റ്ഗാര്‍ഡും ഫിഷറീസ് വകുപ്പും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts

Leave a Reply