Entertainment Kerala News

ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് ഹണി റോസ്

ഒരു അഭിനേത്രി എന്ന നിലയില്‍ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ലെന്നും എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ഹണി റോസിന്റെ പ്രതികരണം.

‘ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്‍റെ ജോലിയുടെ ഭാഗമാണ്. എന്‍റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല. പരാതി ഇല്ല.

പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റെസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്‍റെ നേരെയുള്ള വിമര്‍ശനങ്ങളില്‍ അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാം സംരക്ഷണ സാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാപണ്ഡിത മാന്യന്മാരെ നിങ്ങളോട് അതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു’, ഹണി റോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടിയുടെ പോസ്റ്റിന് അടിയിൽ അശ്ലീല കമന്റ് ഇട്ടവർക്കെതിരെ ഹണി റോസ് പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഒരു പ്രതിയെ അറസ്റ് ചെയ്തിരുന്നു. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിച്ചു വരികയാണെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.

Related Posts

Leave a Reply