Kerala News

ഇത് അനീതി, പിന്തുണയ്ക്ക് പകരം ദ്രോഹിക്കുകയാണ്, കുറയ്ക്കാനല്ല, തറവാടക ഈടാക്കരുത്; സുരേഷ് ഗോപി പറയുന്നു

തൃശ്ശൂർ: പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്നും വാടക വർധിപ്പിക്കരുതെന്നല്ല വാടക ഈടാക്കാനേ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി. വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും ഭക്തരിൽ നിന്ന് വാടക ഈടാക്കാൻ ദേവസ്വത്തിന് അധികാരമില്ല. 

ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ അല്ലാതെ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ പ്രയത്നിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കലാവരുത്. ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് വാടക ഈടാക്കുന്നതിൽ ആരും എതിരല്ല. പക്ഷെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല.

തൃശ്ശൂർ പൂരത്തിന്റെ പ്രൗഢി നിലനിർത്തുന്നതിലും വർദ്ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ചെയ്യുന്നത്. തൃശ്ശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങൾക്കും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടും. 

പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലർക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കാനുള്ള നാടകത്തിന്റെ ഭാഗമാണോ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കടുംപിടുത്തത്തിന് പിന്നിലെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, തൃശൂർ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് എക്സിബിഷൻ ​ഗ്രൗണ്ടിന് വാടക വർധിപ്പിച്ചതായിരുന്നു പ്രതിസന്ധിക്ക് കാരണം. എക്സിബിഷൻ ഗ്രൗണ്ട് വാടക കൂട്ടിയാൽ പൂരം ചടങ്ങു മാത്രമാക്കും.

കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. എന്നാൽ ഈ വർഷം 2.20 കോടി രൂപ വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നത്. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു.  തറവാടക കൂട്ടിയത് പരിഹരിക്കാനും ഒത്തുതീര്‍പ്പാക്കാനുമുള്ള ശ്രമങ്ങള്‍ കഴിഞ്ഞ പൂരം മുതല്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തീരുമാനങ്ങളും നടപടികളുമായിട്ടില്ല.

Related Posts

Leave a Reply