Kerala News

ഇടുക്കിയെ വിറപ്പിച്ച് വന്യജീവികൾ. ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങി

ഇടുക്കിയെ വിറപ്പിച്ച് വന്യജീവികൾ. ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങി. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി. ചിന്നക്കനാലിൽ സിങ്കുകണ്ടത്ത് വീടിനു നേരെ ചക്കക്കൊമ്പൻ ആക്രമണം നടത്തി. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും ആനയിറങ്ങി. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു സമീപമാണ് ആന ഇറങ്ങിയത്. ദേവികുളത്ത് ആറ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആനകളെ വനംവകുപ്പ് സംഘം തുരത്തി. കുണ്ടള ഡാമിനോടു ചേർന്ന് മൂന്നു ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്.

ഇടമലക്കുടിയിൽ സൊസൈറ്റി കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. ആനകളുടെ ആക്രമണത്തിന് പുറമേ മൂന്നാറിൽ കടുവയിറങ്ങിയതും ഭീതി വർധിപ്പിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവിനെയാണ് ആക്രമിച്ച് കൊന്നത്. വനംവകുപ്പിന്റെ ഉദ്യോ​ഗസ്ഥർ വലിയ ജാ​ഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പ്രദേശങ്ങൾ പരിശോധിച്ച് പ്രത്യേക സംഘത്തെ നിയോ​ഗിക്കാൻ നിർദേശം നൽ‌കിയിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു.

ഒരാഴ്ചയായിട്ട് ആനകൾ വൈകുന്നേരം ആകുമ്പോൾ ജനവാസമേഖലയിലെത്തുന്നു. ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഫെൻസിം​ഗിങ്ങിനായി സർവേ എടുത്തതല്ലാതെ തുടർ നടപടികൾ‌ ഉണ്ടായില്ല. അരിക്കൊമ്പനെ കൊണ്ടു പോയത് പോലെ ചക്കക്കൊമ്പനെ മാറ്റണം. ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പറഞ്ഞു.

Related Posts

Leave a Reply