Kerala News

ഇടുക്കിയിൽ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ചത് കൊലപാതകം

കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിനിടെ ഉന്നംതെറ്റി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍ വെടിയേറ്റു എന്നായിരുന്നു ആദ്യം കണ്ടെത്തിയത്. 

ഇടുക്കി നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ് നിഗമനം. കൊല്ലപ്പെട്ട മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിനിടെ ഉന്നംതെറ്റി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥൻറെ തലയില്‍ വെടിയേറ്റു എന്നായിരുന്നു ആദ്യം കണ്ടെത്തിയത്. എന്നാല്‍,  പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച വിവരം നൽകിയത് സണ്ണിയാണെന്നാണ് ഇവർ കരുതിയിരുന്നത്. സജിയുടെ നിർദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് സണ്ണിയെ വെടിവച്ചത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവ സമയത്ത് പ്രതികളുടെ കൈയിൽ  രണ്ട് തോക്കുകളാണ് ഉണ്ടായിരുന്നത്. ഒരു തോക്ക് സമീപവാസിയുടെ കൃഷിയിടത്തിലെ പടുതകുളത്തിൽ നിന്നും കണ്ടെത്തി.നിറഒഴിയ്ക്കാൻ ഉപയോഗിച്ച തോക്കാണ് ഇത്. തിരകളും വെടിമരുന്നും ഇതോടൊപ്പം കണ്ടെത്തി. പ്രതികളുടെ കൈവശമുള്ള രണ്ടാമത്തെ തോക്കിനായുള്ള തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്. അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്നും തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തിയത്.

Related Posts

Leave a Reply