ഉപ്പുതറ: ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ വീട് കയറി മർദിച്ചതിൽ യുവാവ് മരിച്ച സംഭവത്തിലെ പ്രതികൾ കീഴടങ്ങി. പുക്കൊമ്പിൽ എൽസമ്മ, മകൻ ബിബിൻ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാട്ടുതാവളം സ്വദേശി മുന്തിരിങ്ങാട്ട് ജിനീഷ് വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്.
വെള്ളിയാഴ്ച 10 30 ഓടെയാണ് ജനീഷിന് മർദ്ദനമേറ്റത്. വീടിൻ്റെ ചില്ലു പൊട്ടിച്ചെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ബോധരഹിതനായ ജെനീഷിനെ ഉപേക്ഷിച്ച ശേഷം പ്രതികൾ ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 11 മണിക്ക് ശേഷം സബ്ജില്ലാ കലോത്സവത്തിന്റെ പിരിവിന് എത്തിയവരാണ് ഇയാൾ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. പൊലീസ് എത്തി ഉപ്പുതറ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു.
അയൽവാസി മങ്ങാട്ടശ്ശേരിയിൽ രതീഷിന്റെ പറമ്പിൽ പണിയെടുക്കുന്നതിനിടയിലാണ് കാപ്പി കുടിക്കാൻ വീട്ടിലെത്തിയ ജിനീഷ് പ്രതികളുടെ വീട്ടിലെത്തി ജനറൽ തകർക്കുകയും ബഹളം വയ്ക്കുകയും ചെയ്തത്. സംഭവം നടക്കുമ്പോൾ ഒറ്റയ്ക്കായിരുന്ന എൽസമ്മ മകൻ ബിബിനെ വിളിച്ചുവരുത്തി ജനീഷിന്റെ വീട്ടിലെത്തി അയാളെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.