Kerala News

ഇടുക്കി അടിമാലിയിൽ മ്ലാവിനെ വേട്ടയാടി കൊന്ന് കറി വെച്ചവർ പൊലീസിന്റെ പിടിയിലായി

അടിമാലി: ഇടുക്കി അടിമാലിയിൽ മ്ലാവിനെ വേട്ടയാടി കൊന്ന് കറി വെച്ചവർ പൊലീസിന്റെ പിടിയിലായി. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് നായാട്ട് സംഘം പിടിയിലായത്. പൊലീസ് തേടിയെത്തിയ പ്രതി ഓടി രക്ഷപ്പെട്ടു.

വനപാലകരെ ആക്രമിച്ച കേസിൽ ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതി സന്തോഷിനെ തേടിയെത്തിയപ്പോഴാണ് അടിമാലി പൊലീസ് പഴമ്പിള്ളിച്ചാലിലെ വീട്ടിൽ നിന്ന് വേട്ടയാടി കൊന്ന മ്ലാവിന്റെ ഇറച്ചി കണ്ടെത്തിയത്. പൊലീസിനെ കണ്ട് സന്തോഷും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. പഴമ്പിള്ളിച്ചാൽ സ്വദേശി ഷൈൻ, രാമമംഗലം സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്.

തുടർന്ന് നടത്തിയ പരിശോധനയിൽ വേവിക്കാൻ തയ്യാറാക്കി വെച്ചിരുന്ന മ്ലാവിന്റെ ഇറച്ചി കണ്ടെടുത്തു. ഇറച്ചി വനംവകുപ്പിന് കൈമാറി. പിടികിട്ടാപ്പുള്ളിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിന് പിടിയിലായ ഷൈനും ഹരീഷിനും എതിരെ അടിമാലി പൊലീസ് കേസെടുത്തു.

മ്ലാവ് ഇറച്ചി പിടികൂടിയതിൽ വനം വകുപ്പും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. നായാട്ട് നടത്തിയത് എവിടെ വെച്ചെന്ന് കണ്ടെത്താൻ ഇരുവരെയും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഓടി രക്ഷപ്പെട്ട സന്തോഷിനെ കണ്ടെത്താൻ അടിമാലി പൊലീസ് തെരച്ചിൽ തുടങ്ങി.

Related Posts

Leave a Reply