ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകളും വാര്‍ത്തകളും ആഘോഷിക്കുമ്പോള്‍ അതിനെതിരെ നാടിന്റെ നാവാകുന്നത് സോഷ്യല്‍ മീഡിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. അത് ജനങ്ങള്‍ക്ക് വിലക്കും വിധമാണ്, ഏകപക്ഷീയമായി വാര്‍ത്തകളും വിശകലനങ്ങളും അവതരിപ്പിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ പെരുമാറുന്നത്. ശക്തമായ പ്രതിരോധം തീര്‍ക്കുന്ന ബദല്‍ മാധ്യമങ്ങള്‍ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള മുന്‍കൈയാണ് ഇടതുപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണ്. പകരം എല്‍ഡിഎഫിനെതിരായ നുണകളും വാര്‍ത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങള്‍ പോലും പര്‍വ്വതീകരിച്ച് തുടര്‍വാര്‍ത്തകളാക്കുന്നു. വലതുപക്ഷം ഉയര്‍ത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങള്‍ പോലും മുഖ്യവാര്‍ത്തകളായി ചില പ്രധാന മാധ്യമങ്ങളുടെ ഒന്നാം പേജില്‍ സ്ഥാനം നേടുന്നു. എല്‍ഡിഎഫ് നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളോ പ്രസംഗത്തില്‍ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളോ ഈ മാധ്യമങ്ങള്‍ അവഗണിക്കുന്നു.
