Gulf News Kerala News

ആലുവ: പ്രവാസി വ്യവസായിയെ കബളിപ്പിച്ച് ദുബായിലെ സ്ഥാപനം തട്ടിയെടുത്തതായി പരാതി

ആലുവ: പ്രവാസി വ്യവസായിയെ കബളിപ്പിച്ച് ദുബായിലെ സ്ഥാപനം തട്ടിയെടുത്തതായി പരാതി. ആലുവ കടുങ്ങല്ലൂർ ആമ്പക്കുടി നീസ് വില്ലയിൽ മുഹമ്മദ് മക്കാരുടെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം കബളിപ്പിച്ച് തട്ടിയെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. തട്ടിപ്പ് നടന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തനിക്കെതിരെ പെരിന്തൽമണ്ണ പൊലീസ് ക്രിമിനൽ കേസെടുത്തപ്പോഴാണ് സത്യങ്ങൾ അറിയുന്നതും താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നതെന്നും പരാതിക്കാരൻ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് നവാസ്, ആലുവ പേരേക്കാട്ടിൽ പി വിനോദ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താൻ ചതിക്കപ്പെടുകയായിരുന്നുവെന്നും നവാസും വിനോദും വസ്തുവിന്റെ ഉടമകളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് വസ്തു തൻ്റെ പേരിലെഴുതിയതെന്ന് പിന്നീടാണ് മനസ്സിലായതെന്നും കാണിച്ചാണ് മുഹമ്മദ് മക്കാർ പരാതി നൽകിയിരിക്കുന്നത്. ചില ഉദ്യോഗസ്ഥരും ആധാരമെഴുത്തുകാരും കണ്ണികളായിട്ടുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും മുഹമ്മദ് മക്കാർ നൽകിയ പരാതിയിലുണ്ട്.

മുഹമ്മദ് മക്കാരുടെ ദുബായിലുള്ള കാറ്ററിങ് കമ്പനി വിനോദ് ഇടനിലക്കാരനായി 2015ൽ നവാസ് വിലയ്ക്കുവാങ്ങാനെത്തി. ഇവിടെ നിന്നാണ് തട്ടിപ്പിന്റെ ആരംഭം. ഒരു മില്യൺ ദിർഹത്തിന് കച്ചവടം ഉറപ്പിച്ചു. ശേഷം ഉടനടി ദുബായ് ദിർഹം എടുക്കാൻ തന്റെ പക്കൽ ഇല്ലെന്ന് നവാസ് പരാതിക്കാരനോട് പറഞ്ഞു. പകരം പെരിന്തൽമണ്ണ ടൗണിൽ തന്റെ പേരിലുള്ള രണ്ടര ഏക്കർ പണയപ്പെടുത്തി ലോണെടുത്ത് തരാമെന്നും നവാസ് പരാതിക്കാരനോട് പറഞ്ഞിരുന്നു.

എന്നാൽ സിബിൽ സ്കോർ പ്രശ്നമുള്ളതിനാൽ സ്വന്തം പേരിൽ വായ്പ കിട്ടില്ല എന്ന് പറഞ്ഞെത്തിയ പ്രതി പരാതിക്കാരൻ്റെ പേരിൽ വസ്തു നൽകാമെന്ന ധാരണയിലേക്ക് എത്തി. സ്ഥലത്തിന് 10 കോടി രൂപ മൂല്യമുണ്ടെന്ന് കാണിക്കുന്ന വ്യാജ വാല്യുവേഷൻ സർട്ടിഫിക്കറ്റാണ് പ്രതികൾ ഹാജരാക്കിയത്. കേറ്ററിം​ഗ് കമ്പനിയുട വിലയായ രണ്ടുകോടി രൂപ വൈകാതെ നൽകാമെന്നും അപ്പോൾ‍ വസ്തു തിരിച്ചെടുത്തുകൊള്ളാെന്നുമായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള വ്യവസ്ഥ.

എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തനിക്കെതിരെ പെരിന്തൽമണ്ണ പൊലീസ് ക്രിമിനൽ കേസെടുത്തതായി മുഹമ്മദ് മക്കാർ അറിയുന്നത്. നവാസ് നൽകിയ ഭൂമിയുടെ യഥാർത്ഥ ഉടകളായിരുന്നു പരാതി നൽകിയത്. മുഹമ്മദ് മക്കാർക്ക് എഴുതിക്കൊടുത്ത ഭൂമി യഥാർഥത്തിൽ ഈ പരാതിക്കാരുടെ കുടുംബസ്വത്തായിരുന്നു. 2013 ജൂൺ നാലിന് ഇവരിൽ നിന്ന് ഭൂമി വാങ്ങുന്നതിനായി നവാസ് കരാറെഴുതിയിരുന്നു. എന്നാൽ പല കാരണങ്ങളാൽ രജിസ്‌ട്രേഷൻ നടന്നില്ല. പിന്നീട് നവാസും കൂട്ടരും ഈ ഭൂമി കടന്നുകയറിയതറിഞ്ഞ് രജിസ്‌ട്രാർ ഓഫീസിലെ രേഖകൾ യഥാർത്ഥ ഉടമകൾ പരിശോധിച്ചപ്പോഴാണ് ഭൂമി മുഹമ്മദ് മക്കാർ വാങ്ങിയതായ വിവരം അറിയുന്നത്.

 

Related Posts

Leave a Reply