കായംകുളം: ആലപ്പുഴയില്‍ മധ്യവയസ്കനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം മഞ്ഞാടിത്തറയിലാണ് സംഭവം. വാത്തിക്കുളം സ്വദേശിയായ അരുണ്‍ (52) ആണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കൊച്ചമ്പലത്തിന് സമീപം റോഡിനരികില്‍ കാര്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാരാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുറത്തിക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷം അരുണ്‍ സുഹൃത്തിന്റെ കാറില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. അരുണ്‍ ലിവര്‍ സിറോസിസ് ബാധിതനായിരുന്നു. അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.