ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ ആള്‍ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്‌തെന്ന് പരാതി. ചികിത്സയ്‌ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മര്‍ദിച്ചത്.
ഇന്ന് വൈകിട്ട് 6.30ഓടെയാണ് ഡോക്ടര്‍ക്ക് ദുരനുഭവമുണ്ടായത്. ഡോക്ടര്‍ നെറ്റിയില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രണ്ടുമൂന്ന് തവണ കൈ തട്ടിമാറ്റി. വീണ്ടും തുന്നലിടാന്‍ ഡോക്ടര്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ചാടി എണീറ്റ് ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. വീണ്ടും ഡോക്ടറെ ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. രോഗി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ.അജ്ഞലിയ്ക്കാണ് പരുക്കേറ്റത്.
നെറ്റിയില്‍ മുറിവുമായാണ് ഷൈജു ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാര്‍ പിടിച്ചു മാറ്റി. ഇതിനിടെ ഇയാള്‍ കടന്നുകളഞ്ഞു.