ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കളക്ഷൻ ഏജന്റ് മായാ ദേവിക്കാണ് കുത്തേറ്റത്. സഹോദരി ഭർത്താവ് കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബു പൊലീസ് പിടിയിലായി. ഓഫീസിലെ ജീവനക്കാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
ഇന്ന് ഉച്ചയോടെയാണ് തിരക്കേറിയ കെഎസ്എഫ്ഇ കളർകോട് ശാഖയിൽ വെച്ച് യുവതിക്ക് വെട്ടേൽക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ രജീഷിന്റെ ഭാര്യ മായക്കാണു സഹോദരി ഭർത്താവ് സുരേഷിനാൽ കുത്തേറ്റത്. കളക്ഷൻ ഏജന്റായ മായാ പണമടക്കാനായാണ് ശാഖയിൽ എത്തിയത്. മറ്റ് ജീവനക്കാരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ പിറകിൽ നിന്ന് വന്ന സുരേഷ് കൈയിൽ കരുതിയിരുന്ന വടിവാൾ ഊരി മായയുടെ കഴുത്തു ലക്ഷ്യമാക്കി വെട്ടുകയായിരുന്നു.വഴുതി മാറിയതിനാൽ തോളിനാണ് മുറിവേറ്റത്.
സുരേഷിന്റെ ഭാര്യ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാൾ മറ്റൊരു കേസിൽ ജയിലിൽ ആയിരുന്നു. മായ പറഞ്ഞതനുസരിച്ചാണ് സഹോദരി പരാതി നൽകിയതെന്ന ധാരണയിലായിരുന്നു മായ്ക്ക് നേരെയുള്ള ആക്രമണം. കഴിഞ്ഞ ഡിസംബർ 22 ന് ജയിലിലായ ഇയാൾ രണ്ട് ദിവസം മുൻപാണ് മോചിതനായത.. കള്ളക്കേസ് നൽകി തന്നെ കുടുക്കിയ വൈരാഗ്യമാണ് മായയിൽ തീർത്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞു. സൗത്ത് പൊലീസ് വധ ശ്രമത്തിനു ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മായയെ ഇയാൾ വെട്ടുന്നത് കണ്ട് ഓടി അടുത്ത സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് മാനേജർ ചന്ദ്രബാബുവിന്റെ സമയോചിതമായ ഇടപെടൽ ആണ് ജീവൻ രക്ഷിക്കാനായത് . മാനേജർ അമീന ഉൾപ്പടെയുള്ള മറ്റ് ജീവനക്കാർ മായയെ ആശുപത്രിയിൽ എത്തിച്ചു .. ചന്ദ്രബാബുവും മറ്റുള്ളവരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയിൽ ഷുഗർ താഴ്ന്നതിനെ തുടർന്ന് പ്രതി വണ്ടാനം മെഡിക്കൽ കോളജിൽ നിരീക്ഷണ വിഭാഗത്തിലാണ്.