കെഎസ്ആര്‍ടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്, സച്ചിന് എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇരുവര്‍ക്കും എതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ നേരത്തെ കണ്ടോണ്മെന്റ് പൊലീസ് കേസെടുത്തിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്, സച്ചിന് ദേവ് എംഎല്‍എ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.
അതേസമയം മേയറുമായി തര്‍ക്കം ഉണ്ടായ ദിവസം യദു ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കെഎസ്ആര്‍ടിസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ബസ്സ് ഓടിക്കുന്നതിനിടെ പലപ്പോഴായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍. വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.