ആര്‍എസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ എഡിജിപി ചുമതല വഹിക്കാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിയെ നീക്കണം എന്നത് തന്നെയാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആ വാക്കുകളെ മാനിക്കുക സിപിഐയുടെ രാഷ്ട്രീയ കടമയാണെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സര്‍ക്കാര്‍ സിപിഐയുടെ ആവശ്യം കേള്‍ക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ആകാംക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ക്ക് മാത്രം മിണ്ടാം ബാക്കിയുള്ളവര്‍ മിണ്ടാതിരിക്കണം എന്ന നയം അല്ല സിപിഐക്ക് ഇല്ലെന്നും പ്രകാശ് ബാബുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ഉള്‍ പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും പാലിക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും പാര്‍ട്ടിയെ അറിയാത്ത ദുര്‍ബല മനസ്‌കര്‍ക്ക് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് പരിപൂര്‍ണ്ണമായി രാഷ്ട്രീയ ഐക്യം ഉണ്ടെന്നും വ്യക്തമാക്കി. സിപിഐയെ പറ്റി മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാന്‍ തയ്യാറാകണമെന്നും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ചകള്‍ ഉള്ള പാര്‍ട്ടിയാണ് സിപിഐയെന്നും പാര്‍ട്ടിയില്‍ ചര്‍ച്ചക്കുള്ള വേദിയുണ്ടെന്നും അദ്ദേഹം വിശദമാക്കി.