ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദർശനത്തിൽ സിപിഎം പ്രതിഷേധം. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു. നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർ ക്കെതിരായ ഇടത് പ്രതിഷേധത്തിൻ്റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻ്റെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി എൽഡിഎഫ് ഇന്ന് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ഉറച്ച നിലപാട് എടുക്കുകയായിരുന്നു. ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിനെതിരെയാണ് ഹർത്താൽ എങ്കിൽ ഒപ്പിടാത്തതിന് കാരണം സർക്കാറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തുന്നു. ബില്ലിനെതിരെ കിട്ടിയ പരാതികളിൽ സർക്കാറിനോട് മറുപടി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഗവർണർ ഇന്നലെ പറഞ്ഞു.