ഇന്ന് വിജയദശമി. അസുരശക്തിയ്ക്കും അധർമത്തിനും മേൽ ധർമം വിജയിച്ചതിന്റെ പ്രതീകമാണ് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ ആദ്യാക്ഷരമെഴുതാൻ കുരുന്നുകളുടെ വലിയ തിരക്കാണ്. ദുർഗാദേവി മഹിഷാസുരനെ വധിച്ച് തിൻമയ്ക്ക് മേൽ നൻമയുടെ വിജയം നേടി എന്ന സങ്കൽപമാണ് വിജയദശമിനാളിലെ ആഘോഷങ്ങൾക്ക് പിന്നിൽ. ഒമ്പത് ദിവസം നീണ്ട പൂജകൾക്കും വിശേഷ ചടങ്ങുകൾക്കും കലാപ്രകടനങ്ങൾക്കുംശേഷം ഇന്ന് പൂജയെടുക്കും. സരസ്വതി പൂജയ്ക്കുശേഷം വിദ്യാരംഭം നടക്കും. ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്. വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും ക്ഷേത്രങ്ങളിൽ ഏർപ്പാടാക്കിയിരിക്കുന്നത്.