Kerala News

ആത്മകഥ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കരാർ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നെന്നാണ് ഡിസി ജീവനക്കാരുടെ മൊഴി. ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുക. ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

ഏറെ വിവാദമായ സംഭവവികാസങ്ങളാണ് ഇ.പി ജയരാജന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെ ഉണ്ടായത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി ജയരാജൻ പരാതി നൽകിയത്. ഈ പരാതിയിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് ഡിസി ബുക്സിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ എസ് പിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നു. പല ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കരാർ ഉണ്ടായിരുന്നില്ലെങ്കിൽ പോലും അത്തരത്തിലൊരു ധാരണ ഡിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം ഇ.പി ജയരാജനെ ബന്ധപ്പെട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഡിസി ബുക്സ് അധികൃതരുടെ മൊഴിയും ഇ.പിയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടോ എന്ന് കണ്ടെത്തിയ ശേഷം കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലായിരുന്ന ഡിസി രവി നാട്ടിലെത്തിയിട്ടുണ്ട്. ഡിസി രവിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.

അതേസമയം, ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇ.പി ജയരാജൻ പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു. ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഇ.പിയെ വിശ്വസിക്കുന്നുവെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.

Related Posts

Leave a Reply