ബംഗളൂരു: കര്‍ണാടകയില്‍ ആശുപത്രിക്കുള്ളില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്ത സംഭവത്തില്‍ 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ആശുപത്രി മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി ചെയ്യേണ്ട കാലയളവ് പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നടപടി ഗുരുതരമായ തെറ്റാണെന്ന് ജിഐഎംഎസ് ഡയറക്ടര്‍ ഡോ. ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു. ‘ശനിയാഴ്ചയാണ് റീലുകളെ കുറിച്ച് അറിഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വകാര്യ ഇടങ്ങളില്‍ വച്ച് റീലുകള്‍ ഷൂട്ട് ചെയ്യാമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളായ അവര്‍ രോഗികളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലായിരുന്നു. റീല്‍ ചിത്രീകരണത്തിന് ഒരു അനുമതിയും നല്‍കിയിട്ടില്ല.’ വിവരം അറിഞ്ഞ ഉടന്‍ തന്നെ വീഡിയോ ചിത്രീകരിച്ച എല്ലാ വിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി, റീല്‍ ഷൂട്ടിംഗിന് ആശുപത്രി പരിസരം ഉപയോഗിച്ചത് വലിയ കുറ്റമാണെന്ന് അറിയിച്ചെന്നും ഡോ. ബസവരാജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ‘റീല്‍ ഇറ്റ്, ഫീല്‍ ഇറ്റ്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയകളില്‍ റീല്‍ പോസ്റ്റ് ചെയ്തത്. ജനപ്രിയ ഹിന്ദി, കന്നഡ, തെലുങ്ക് സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്യുന്നതുള്‍പ്പെടെ നിരവധി റീലുകളും ഇവര്‍ ചിത്രീകരിച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആശുപത്രി പരിസരവും ലാബും ഓപ്പറേഷന് തീയറ്ററും റീല്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.