അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്രം കണ്ടെത്തിയതിൽ നാട്ടുകാർ വലിയ സന്തോഷം പ്രകടിപ്പിച്ചു. ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനും സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നാട്ടുകാർ മുന്നോട്ട് വരുന്നുണ്ട്. ക്ഷേത്രം പരിപാലിക്കുന്നതിനായി അനിൽ സിംഗ് എന്ന വ്യക്തിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഹനുമാൻ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പ്രദേശത്തെ ഒരു വീടിനായി ഖനനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് ഹനുമാൻ വിഗ്രഹവും ചുറ്റും നിരവധി ദേവതകളുടെ പ്രതിമകളും ഉണ്ട്. ക്ഷേത്രത്തിന്റെ പിൻഭാഗത്ത് മുഴുവൻ ഹനുമാൻ ചാലിസയും ആലേഖനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന സാഗർ സിൻഹ എന്നയാൾ ഇതിനോടകം തന്നെ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനായി 1.5 ലക്ഷം രൂപ സംഭാവന നൽകി.പ്രദേശവാസികളിൽ നിന്ന് വലിയ ശ്രദ്ധ ആകർഷിക്കുന്ന ക്ഷേത്രം പുനർനിർമ്മാണത്തിനുശേഷം മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആകർഷിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

								
                                                
							
							
							








