India News

അസം കൂട്ടബലാത്സംഗം; കേസിലെ പ്രധാന പ്രതി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു

അസമിലെ നാഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ വഴിയിലുപേക്ഷിച്ച കേസിലെ പ്രധാന പ്രതി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. മുഖ്യപ്രതിയായ തഫസുൽ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനായി കുളത്തിൽ ചാടിയത്.

ഇന്ന് പുലർച്ചെ കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇയാൾ കുളത്തിൽ ചാടിയത്. പ്രതിയുടെ കയ്യിൽ വിലങ്ങ് വെച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് പേരെയാണ് നിലവിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിലൊരാളായിരുന്നു മരിച്ച തഫസുൽ ഇസ്ലാം.

അതേസമയം, പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുമ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേർ കുട്ടിയെ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കുളക്കരയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.പൊലീസ് ആദ്യം കുട്ടിയെ ധിങ്ങിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയശേഷം 25 കിലോമീറ്റർ അകലെയുള്ള നാഗോണിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം ഏറ്റുമുട്ടലുകളായി മാറിയിരുന്നു. പ്രതികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സംഭവത്തിൽ കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിക്കെതിരെ ഇത്തരമൊരു ഹീനകൃത്യം ചെയ്തവരെ വിടില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക വിഭാ​ഗത്തിൽപ്പെടുന്ന ചിലർ കുറ്റകൃത്യങ്ങളിൽ കൂടുതലായി ഉൾപ്പെടുന്നതായി കണ്ടിട്ടുണ്ടെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.

Related Posts

Leave a Reply