കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ അലസിയര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനതെിരെ വനിതാ സംഘടന ഡബ്ല്യുസിസി. പ്രസംഗത്തിലെ കുറേയേറെ ഭാഗങ്ങൾ സ്ത്രീ വിരുദ്ധവും അപലപനീയവുമായിരുന്നു. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പാടെ അട്ടമറിക്കുന്നതായിരുന്നു അലന്‍സിയറുടെ വാക്കുകളെന്ന് ഡബ്ല്യുസിസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത്തരം സെക്‌സിസ്റ്റ് പ്രസ്താവനകള്‍ ആദ്യമായല്ല അലന്‍സിയറില്‍ നിന്ന് ഉണ്ടാകുന്നതെന്നതിനാല്‍ സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവര്‍ത്തികളെയും സിനിമാ മേഖല കൂടുതല്‍ ഗൗരവത്തോടെ ചെറുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം അലൻസിയറിന് ലഭിച്ചിരുന്നു. അവാർഡ് ഏറ്റുവാങ്ങിയ ശേഷം വേദിയിൽ സംസാരിക്കുകയായിരുന്നു അലൻസിയർ. ‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജ്യൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും,’ എന്നായിരുന്നു അലൻസിയറുടെ വാക്കുകൾ.
ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്നും പിന്നീട് അലൻസിയർ പ്രതികരിച്ചു. അതേസമയം റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ പൊലീസിൽ പരാതി നൽകി. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി.